റിയാദ്: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് സൗദി പെണ്‍കുട്ടിക്ക് പരിക്കേറ്റു. തുടര്‍ ചികിത്സക്ക് വേണ്ടി പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ സൗദിയില്‍ എത്തിച്ചു. ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് മുന്‍കയ്യെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സില്‍ 14കാരിയെ സൗദിയിലേക്ക് എത്തിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ഇസ്താംബൂള്‍ സൗദി കോണ്‍സല്‍ ജനറല്‍ അഹ്മദ് അല്‍ഉഖൈല്‍ പറഞ്ഞു. ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ വഴി താഴെയുള്ള കാഴ്ചകള്‍ കാണുന്നതിനിടെ പതിനാലുകാരി നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ഹോട്ടല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ആറാം നിലയിലുള്ള ബീമിന് മുകളിലേക്കാണ് പെണ്‍കുട്ടി പതിച്ചത്. ഇതാണ് പതിനാലുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. സൗദി അറേബ്യയില്‍ നിന്ന് അയച്ച എയര്‍ ആംബുലന്ഡസില്‍ തുര്‍ക്കിയിലെ സൗദി എംബസി, കോണ്‍സുലേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ സൗദിയിലേക്ക് എത്തിച്ചത്.