റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ തീര്‍ത്ഥാടന കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ രക്ഷിച്ച് റെഡ് ക്രസന്റ് സംഘം. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ വെച്ച് തീർഥാടകന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതായി റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
ബോധരഹിതനായി നിലത്തു കിടക്കുന്ന നിലയിലാണ് 60 വയസുകാരനെ റെഡ് ക്രസന്റ് മെഡിക്കൽ സംഘം കണ്ടത്. റെഡ് ക്രസന്റ് സംഘം അടിയന്തര ശുശ്രൂഷയായ സി.പി.ആർ നൽകിയതോടെ തീർഥാടകന്റെ ഹൃദയമിടിപ്പ് പുനരാരംഭിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഇന്ത്യക്കാരനെ പിന്നീട് അജ്‌യാജ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.