റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കി കൊണ്ടു യമൻ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർതിരിക്കുന്ന ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കും. റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ (കെഎഎംസി) കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ഇവരുടെ ശസ്ത്രക്രിയ.
റോയൽ കോർട്ടിലെ ഉപദേശകനും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ടെക്നീഷ്യൻമാർക്കും നഴ്സിങ് കേഡർമാർക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായി നടത്തുമെന്നും ശസ്ത്രക്രിയയ്ക്ക് ഏകദേശം 11 മണിക്കൂർ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.യെമനി സയാമീസ് ഇരട്ടകൾ പെൺകുട്ടികളാണെന്നും നെഞ്ചും അടിവയറും ബന്ധിച്ചാണു ജനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തെ മെഡിക്കൽ ടീമിനും ആരോഗ്യ മേഖലയ്ക്കും നൽകുന്ന മികച്ച പിന്തുണക്കു രണ്ടു വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും ഡോ. അൽ റബീഅ നന്ദി പറഞ്ഞു.