റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നീക്കി. സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. അതാണ് ഇപ്പോൾ ഒഴിവാക്കിയത്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യാമ, കടൽ പ്രവേശന കവാടങ്ങളിലെ പാസ്പോർട്ട് ഒാഫീസുകളെ ഇത് സംബന്ധിച്ച് വിവരമറിയിച്ചതായി പാസ്പോർട്ട് വകുപ്പിനെ ഉദ്ധരിച്ച് അറബി പത്രമായ അൽവത്വൻ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച (ജനുവരി 16) മുതൽ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പ്രവേശന കവാടങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. എന്നാൽ ചില കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക.