റിയാദ്: നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു. രാജ്യത്ത് തൊഴിലാളി ചൂഷണം തടയുന്നതിനാണിത്. കരടു ദേശീയ നയം തയാറാക്കി മന്ത്രാലയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തി.
സൗദിയില്‍ എല്ലാ രൂപത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്താനും എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന, 2014 ല്‍ സൗദി അറേബ്യ ഒപ്പുവെച്ച പ്രോട്ടോകോള്‍ പ്രകാരമുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജനത്തിനുള്ള കരടു ദേശീയ നയം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയത്.