റിയാദ്: പ്രധാന ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
‘എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ’ ഭാഗമായാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും പദ്ധതിയെക്കുറിച്ച് എയർലൈനുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ഇതിലൂടെ ഏത് വിമാനക്കമ്പനികൾക്കും പിന്തുണ ലഭിക്കുമെന്നും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സൂറിച്ചിലേക്കും ബാഴ്‌സലോണയിലേക്കും പറക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ സൗദിയയുമായി രാജ്യം ഇതിനകം കരാർ ഒപ്പിട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.