ദില്ലി: മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്യാനിരിക്കെ രൂക്ഷ വിമർശനവുമായി എ എ പി വക്താവ് സൗരഭ് ഭരദ്വാജ് രംഗത്ത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള ദില്ലി ഉപമുഖ്യമന്ത്രിയെ സി ബി ഐ നാളെ അറസ്റ്റ് ചെയ്യുമെന്നാണ് എ എ പി പറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി ബി ഐയെ ഇറക്കിയുള്ള ബി ജെ പി നടപടി എന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കും എന്നാണ് സിസോദിയ അറിയിച്ചിട്ടുള്ളത്.
നാളെ രാവിലെ 11 മണിക്ക് ദില്ലി സി ബി ഐ ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സി ബി ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി ബി ഐ പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചിട്ടുണ്ട്.
’14 മണിക്കൂർ സി ബി ഐ എന്‍റെ വീട്ടിൽ റെയ്ഡ് നടത്തി, എന്‍റെ ബാങ്ക് ലോക്കർ പരിശോധിച്ചു, ഇവർക്ക് ഒന്നും കണ്ടെത്താനായില്ല, ശേഷം അവർ എന്നെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സി ബി ഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്, ഞാൻ പോയി പൂർണ്ണമായി സഹകരിക്കും, സത്യമേവ ജയതേ’ – ഇങ്ങനെയാണ് സിസോദിയ ട്വീറ്ററിൽ കുറിച്ചത്.