ദില്ലി: സവര്‍ക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച ഉദ്ധവ് താക്കറേയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. യുദ്ധം മോദിയോടാണ് വേണ്ടതെന്നും സവര്‍ക്കറോടല്ലെന്നും ഉദ്ധവ് രാഹുലിനോട് പറഞ്ഞു. ശിവസേനയുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാര്‍ സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ചിരുന്നു. രാഹുലിന്‍റെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് പവാര്‍ സോണിയയോട് പറഞ്ഞതായാണ് വിവരം.
അയോഗ്യതാ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ സവർക്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തെ അതിരൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. സവർക്കർ ദൈവ തുല്യനാണെന്നാണെന്നും അദ്ദേഹഞ്ഞ അപമാനിച്ചാൽ നോക്കിയിരിക്കില്ലെന്നുമാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വാതന്ത്ര സമരത്തിൽ സവർക്കർ നൽകിയ സംഭാവനകൾ കുറച്ച് കാണരുത്. രാഹുലിന്റെ പരാമർശം പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കുമെന്നും മഹാരാഷ്ട്രയിലെ സഖ്യകക്ഷി നേതാവ് കൂടിയായ ഉദ്ദവ് താക്കറെ ഓർമിപ്പിച്ചിരുന്നു. നേരത്തെ ഏക്നാഥ് ശിൻഡെയും ബിജെപിയും സവർക്കർ പരാമർശത്തിനെതിരെ മഹാരാഷ്ട്രയിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു.