കോഴിക്കോട് > മുസ്ലിംലീഗിനൊപ്പം നിന്നാൽ ദൈവിക സിംഹാസനത്തിന്റെ തണലിൽ (ഹർഷിന്റെ തണൽ) എത്താമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ‘‘പ്രതിസന്ധികൾ വന്നു കൊണ്ടിരിക്കും. അതിൽ പതറി നമ്മൾ പിന്നോട്ട് പോകാൻ പാടില്ല. പതറാതെ പാർട്ടിയിൽ ഉറച്ച് നിൽക്കണം. നമ്മുടെ നേതാക്കന്മാർ ഏൽപ്പിച്ച ഈ ഹരിത പതാകയുടെ തണൽ നമുക്ക് എന്നുമുണ്ടാകും. ‘ഹർഷിന്റെ തണലിലേക്ക് വരെ അത് മുസ്ലീം സമുദായത്തെ നയിക്കു’മെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’ ’എന്നായിരുന്നു സാദിഖലിയുടെ ആഹ്വാനം. മലപ്പുറം ആലത്തിയൂരിൽ ലീഗ് ഓഫീസ് ഉദ്‌ഘാടനം ചെയ്‌തായിരുന്നു വിശ്വാസികളെ ഇളക്കിവിടുന്ന പരാമർശം. തിങ്കളാഴ്‌ചയായിരുന്നു ഉദ്‌ഘാടന പരിപാടി. മതവിശ്വാസത്തെ ലീഗുമായി ചേർത്തുള്ള സാദിഖലിയുടെ പ്രസംഗം വിവാദമായിട്ടുണ്ട്.
ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിന്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളതെന്നാണ് ഇസ്ലാം മതവിശ്വാസം. അങ്ങേയറ്റം മതപരമായ ഈ വിശ്വാസവുമായി ബന്ധിപ്പിച്ചിരിക്കയാണ് പച്ചക്കൊടിയുടെ തണലിലുള്ളവരെ(ലീഗുകാരെ) സാദിഖലി തങ്ങൾ. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)യിലടക്കം ഒരുവിഭാഗം ലീഗുമായി ഇടഞ്ഞിരിക്കുന്ന സന്ദർഭത്തിലാണ് മതവിശ്വാസികളെ ഇളക്കിവിടുന്ന പരസ്യാഹ്വാനം എന്നതും ശ്രദ്ധേയം. ലീഗിനൊപ്പം നിന്നാലേ സ്വർഗം ലഭിക്കൂ എന്നുള്ള പരസ്യ പ്രഖ്യാപനമാണ് ലീഗ് സംസ്ഥാന പ്രസിഡന്റിൽ നിന്നുണ്ടായിട്ടുള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിലടക്കമുണ്ട്.
ലീഗല്ലാത്തവർ അവിശ്വാസികളും കാഫിറുകളുമാണെന്ന പഴഞ്ചൻ മത ഫത്‌വകളുടെ ആവർത്തനമാണ് സാദിഖലിയുടേതെന്ന വിമർശവും ഉയർന്നിട്ടുണ്ട്. ലീഗ് കൂടുതൽ വർഗീയമാകുന്നതിന്റെ സൂചനയാണീ വാക്കുകളെന്ന ചർച്ച സമൂഹമാധ്യമങ്ങളിലുമുണ്ട്. ലീഗ് ആത്മീയ പാർട്ടി കൂടിയാണെന്ന് വ്യക്തമാക്കിയിരിക്കയാണ് സാദിഖലി. പേരിലെ ‘മുസ്ലിം’ പ്രയോഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് മുന്നിലടക്കം ലീഗിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ വിവാദപ്രസംഗം നിയമപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.