ഓൺലൈൻ പണമിടപാട് നടത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. 2016-ൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ആരംഭിച്ചെങ്കിലും പടർന്നു പിടിച്ച കൊവിഡ് മഹാമാരിയാണ് യുപിഐ ഇടപാടുകളെ കൂടുതൽ ജനപ്രിയമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ കുത്തനെ വർദ്ധിച്ചു. ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ഇന്ന് ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്നത്. സമയവും എനർജിയും എല്ലാം ലാഭിക്കാം. അതേസമയം യുപിഐ ഇടപാടുകൾക്ക് അതിന്റെതായ റിസ്ക് ഉണ്ട്. ഓൺലൈൻ ഇടപാടുകളിൽ തട്ടിപ്പുകൾ ഇന്ന് കൂടി വരുന്നുണ്ട്. അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ യുപിഐ ഇടപാടുകൾ 10.7 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് ആളുകൾ പണരഹിത ഇടപാടുകളെ ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ്. പണം കൈയിൽ കൊണ്ട് നടക്കുന്ന അപകട സാധ്യത ഇല്ലെങ്കിലും അൺലിനെ തട്ടിപ്പുകാരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
എങ്ങനെ യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാം? യുപിഐ ഇടപാട് സുരക്ഷിതവും സുരക്ഷിതവുമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില യുപിഐ സുരക്ഷാ ടിപ്പുകൾ വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള 6 മാർഗങ്ങൾ
1) പണം സ്വീകരിക്കുമ്പോൾ നിങ്ങളുടെ യുപിഐ പിൻ നൽകേണ്ടതില്ല.
2) നിങ്ങൾ പണം അയക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിച്ചുറപ്പിക്കുക
3) അറിയാത്ത ഐഡിയിൽ നിന്നും വരുന്ന പണം നൽകാനുള്ള അഭ്യർത്ഥന സ്വീകരിക്കരുത്.
4) നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടരുത്.
5) ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുമ്പോൾ എല്ലായ്പ്പോഴും അയക്കുന്ന ആളിന്റെ വിശദാംശങ്ങൾ പരിശോധിക്കുക.
6) നിങ്ങളുടെ യുപിഐ പിൻ ഇടയ്ക്കിടയ്ക്ക് മാറ്റുക