കോഴിക്കോട്: സംസ്ഥാനത്തെ പട്ടികജാതി -വർഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും അക്കാദമിക് അലവൻസും ഭേദഗതി വരുത്തി എസ്.സി-എസ്.ടി വകുപ്പിന്റെ ഉത്തരവ്. കേന്ദ്ര സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേഗദതി വരുത്തിയത്.സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന വിവിധ അലവൻസുകളായ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവയുടെ ആകെ തുക സംസ്ഥാന അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന വിതരണം ചെയ്യും.
ഈ-ഗ്രാന്റ്സ് സൈറ്റിലെ എല്ലാ കോഴ്സുകളും പുതുക്കിയ കേന്ദ്ര മാർഗനിർദേശത്തിന്റെ അസ്ഥാനത്തിൽ നാല് കോഴ്സ് ഗ്രൂപ്പുകളായി (ഗ്രൂപ്പ് -ഒന്ന്, രണ്ട്, മൂന്ന്, നാല്) തരം തിരിച്ചാണ് സംസ്ഥാന അക്കാഡമിക് അലവൻസ് വിതരണം ചെയ്യുന്നത്.നിലവിലുള്ള അക്കോമഡേഷൻ കാറ്റഗറികൾ പുതുക്കിയ കേന്ദ്ര മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇ-ഗ്രാന്റ്സ് സൈറ്റിൽ ഡേ സ്കോളർ, ഹോസ്റ്റലർ എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കും.
ഡേ സ്കോളർ വിഭാഗത്തിനു നൽകുന്ന പ്രതിമാസ സ്റ്റൈപ്പന്റ് ദൂരപരിധിയില്ലാതെ പ്രതിവർഷം 8,500 രൂപയായി ഏകീകരിക്കും. സി.എ, ഐ.സി.ഡബ്ല്യു.എ, സി.ജി, സി.എഫ്.എ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടിക ജാതി വിദ്യാർഥികളെ ഡേ സ്കോളർ ആയി മാത്രമേ പരിഗണിക്കു.
സ്റ്റേറ്റ് അക്കാഡമിക് അലവൻസ് ഡേ സ്കോളർ വിഭാഗത്തിന് ലംപ്സം ഗ്രാന്റും ഹോസ്റ്റലേഴ്സിന് ലംപ്സം ഗ്രാന്റും ലഭിക്കും. എം.ഫിൽ, പി.എച്ച്.ഡി, എം.ടെക്, എം.ലിറ്റ് തുടങ്ങിയ കോഴ്സുകൾക്ക് അനുവദിക്കുന്ന ഫെലോഷിപ്പ് നിലവിലുള്ളതു പോലെ പ്രതിമാസ കണക്കിൽ വിതരണം തുടരുമെന്നാണ് ഉത്തരവ്.
2022-23 വർഷം മുതൽ ഈ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും. ലംപ്സം ഗ്രാന്റ്, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി എന്നിവ വർധിപ്പിച്ച് ഉത്തരവാകുന്നതുവരെ വിതരണം നിലവിലെ നിരക്കിൽ തുടരുമെന്നും ഉത്തരവിൽ പറയുന്നു.പോസ്റ്റ് മെട്രിക് കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി- വർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം നിജപ്പെടുത്തി സർക്കാർ 2020ൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
കേന്ദ്ര മാർഗനിർദേശം അനുസരിച്ച് അക്കാഡമിക് അലവൻസുകൾ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ കോഴ്സ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സ്കോളർഷിപ്പ് പദ്ധതി ഈ മാതൃകയിൽ കോഴ്സ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുകയും പ്രതിമാസ പേയ്മെന്റുകൾ വാർഷിക കണക്കിൽ ഏകീകരിച്ച് ഒറ്റതവണയായ വിതരണ രീതിയിലേക്ക് മാറ്റണം. അതിനാലാണ് എസ്.സി- എസ്.ടി വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് പഠനം പുനക്രമീകരിച്ച് ഉത്തരവിറക്കിയത്.