ന്യൂഡൽഹി ∙ കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിനു നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കോടതി നിർദേശപ്രകാരം, പരസ്യം നൽകുന്നതിനു കെഎസ്ആർടിസി പുതിയ സ്കീം തയാറാക്കിയതു പരിഗണിച്ചാണിത്. പുതിയ സ്കീം നടപ്പാക്കണമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടു സുപ്രീം കോടതി തേടി. സർക്കാർ മറുപടി ലഭിക്കുന്നതു വരെയാണ് ഉത്തരവു സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി നൽകിയ ഹർജിയിൽ നേരത്തെ, ചട്ടം ലംഘിക്കാതെയും മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും എങ്ങനെ പരസ്യം തുടരാമെന്ന കാര്യത്തിൽ പുതിയ സ്കീം തയാറാക്കാൻ ജഡ്ജിമാരായ സൂര്യകാന്ത്, ജെ.കെ.മഹേശ്വരി എന്നിവർ നിർദേശിച്ചിരുന്നു. കെഎസ്ആർടിസിക്കു വേണ്ടി വി.ഗിരി, ദീപക് പ്രകാശ് എന്നിവർ ഹാജരായി.
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ കഴിഞ്ഞ ഒക്ടോബർ 20നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഉത്തരവു ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രീം കോടതിയിലെത്തിയത്.