ഇംഫാൽ: മണിപ്പൂർ കലാപത്തിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അയൽസംസ്ഥാനമായ അസമിലേക്ക് മാറ്റി. വിചാരണ കോടതി ജഡ്ജിമാരെ തീരുമാനിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു. പ്രതികളും ഇരകളായവരും മണിപ്പൂരിൽ തുടരണമെന്നും കോടതി നിർദേശിച്ചു.
പ്രതികളെ ഹാജരാക്കൽ, റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി നീട്ടൽ എന്നിവയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ നടപടിക്രമങ്ങൾ ഗുവാഹത്തിയിലെ നിയുക്ത കോടതിയിൽ ഓൺലൈനായി നടത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിന് ഇരയായവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മേൽനോട്ടം വഹിക്കാൻ ആഗസ്റ്റ് 21 ന് സുപ്രീംകോടതി ജസ്റ്റിസ് ഗീതാ മിത്തൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.രണ്ട് സ്ത്രീകളുടെ ലൈംഗികാതിക്രമമുൾപ്പെടെയുള്ള 10 കേസുകൾ സി.ബി.ഐക്ക് കൈമാറി.
ഇരകളും സാക്ഷികളും സി.ബി.ഐ കേസുകളുമായി ബന്ധപ്പെട്ട മറ്റുള്ളവരും ഉൾപ്പെടെയുള്ളവർ ഓൺലൈനിൽ ഹാജരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിയുക്ത ഗുവാഹത്തി കോടതിയിൽ നേരിട്ട് ഹാജരാകാനും ബെഞ്ച് അനുമതി നൽകി. ഗുവാഹത്തി കോടതിയിൽ ഓൺലൈൻ മോഡ് വഴി സി.ബി.ഐ കേസുകളിൽ വാദം കേൾക്കുന്നത് സുഗമമാക്കുന്നതിന് ശരിയായ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ മണിപ്പൂർ സർക്കാരിനോട് നിർദേശിച്ചു.
സി.ബി.ഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികൾ അസമിലെ ഗുവഹാത്തിയിലേക്കു മാറ്റണമെന്ന കേന്ദ്രസർക്കാർ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. മണിപ്പൂരിലെ ഗോത്ര വിഭാഗത്തിന്റെ ഭാഷാ അറിയാവുന്ന മജിസ്‌ട്രേറ്റുമാരെ വിചാരണ കോടതി ജഡ്ജിമാരായി തെരഞ്ഞെടുക്കാനാണ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, വിചാരണ നടപടികൾ അസമിലേക്ക് മാറ്റുന്നതിനെ കുകി വിഭാഗം എതിർത്തു. മിസോറാമിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. മിസോറാമിലേക്ക് പോകണമെങ്കിൽ അസം കടക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാൽ അത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും.
പ്രതികളുടെ തിരിച്ചറിയൽ പരേഡും ഓൺലൈനിലാണ് നടത്തേണ്ടത്. എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കുമ്പോൾ മണിപ്പൂരിലെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.