തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാംപ്രതി തിരുവനന്തപുരം സ്റ്റാച്യു പുന്നൻ റോഡ് ഗോകുലത്തിൽ ദിവ്യ ജ്യോതി (41) അറസ്റ്റിൽ. ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി ഉറപ്പുനൽകി 2020ൽ 14 ലക്ഷം തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിനിയുടെ പരാതിയിലാണ് ദിവ്യ ജ്യോതിയെ ഞായറാഴ്ച വൈകീട്ട് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ വീട്ടിലെത്തി ദിവ്യ ജ്യോതിയെ കസ്റ്റിയിലെടുത്ത പൊലീസ് വിശദ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമാന രീതിയിൽ പലരിൽനിന്നായി 1.5 കോടി രൂപ വാങ്ങിയെന്ന് ദിവ്യ പൊലീസിനോട് സമ്മതിച്ചു. മറ്റ് പ്രതികളായ ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയത്തിലെ അസി. ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പി, ഇദ്ദേഹത്തിന്റെ സഹപാഠി ശ്യാംലാൽ, സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാർ എന്നിവർ ഒളിലാണെന്ന് പൊലീസ് പറഞ്ഞു. ദിവ്യ ജ്യോതിയാണ് തൊഴിൽ തട്ടിപ്പിന് ഫേസ്ബുക്ക് വഴി പരസ്യം നൽകിയത്. പരസ്യത്തിൽ ആകൃഷ്ടരായി മുന്നോട്ടുവരുന്നവരെ ഫോണിൽ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കും. ശ്യാംലാലും ഭർത്താവ് രാജേഷും പ്രേംകുമാറും ചേർന്ന് ഉദ്യോഗാർഥികളെ കാറിൽ ടൈറ്റാനിയത്തിലേക്ക് കൊണ്ടുപോകും. കാറിൽ കയറുമ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടും. ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റാൻ ശശികുമാരൻ തമ്പി തന്റെ കാബിനിൽ വെച്ചാണ് ഇന്റർവ്യൂ നടത്തിയിരുന്നത്. ഇന്റർവ്യൂവിന് മുമ്പ് പകുതി പണവും ശേഷം ബാക്കി തുകയും ദിവ്യ ജ്യോതിയുടെ അക്കൗണ്ടിലും നേരിട്ടും നൽകാന് ആവശ്യപ്പെടും. ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചെത്തിയശേഷം മാത്രമേ ഫോൺ ഓണാക്കാൻ അനുവദിക്കൂ.
തട്ടിപ്പിനിരയായെന്ന് ബോധ്യമായതോടെ ഒക്ടോബറിൽ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി സിറ്റി പൊലീസ് കമീഷണറെ സമീപിച്ചതോടെയാണ് കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. വെള്ളിയാഴ്ച പൂജപ്പുര എസ്.ഐയുടെ നേതൃത്വത്തിൽ ദിവ്യജ്യോതിയെ ചോദ്യംചെയ്തെങ്കിലും വൈകീട്ടോടെ വിട്ടയച്ചു.
മുൻകൂർ ജാമ്യം നേടിയിരുന്നതിനാലാണ് വിട്ടയച്ചതെന്നാണ് പൂജപ്പുര പൊലീസിന്റെ വിശദീകരണം. എന്നാൽ കൂടെയുണ്ടായിരുന്ന ഭർത്താവിനെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. ഇതോടെ രാജേഷ് ഒളിവിൽ പോയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ചില രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്.