ദില്ലി: ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ.എങ്കിൽ നിങ്ങൾ ഈ കള്ളത്തരത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിപ്പുകാർ ഇപ്പോൾ ഗൂഗിളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിടുന്ന ഈ തട്ടിപ്പിനെ കുറിച്ച് സൈബർ സുരക്ഷാ സ്ഥാപനമായ CloudSEK ആണ് കണ്ടെത്തിയത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇവ രേഖപ്പെടുത്തുന്നത്. എന്നാൽ മനുഷ്യർക്ക് വായിക്കാൻ കഴിയും.CloudSEK-ന്റെ കണ്ടെത്തലുകൾ അനുസരിച്ച്, തട്ടിപ്പുകാർ ഒരേ ഡിസൈനിലുള്ള ചിത്രങ്ങളാണ് മിക്ക സൈറ്റിലും ഉപയോഗിക്കുന്നത്.അവയിൽ വ്യത്യസ്ത ഫോൺ നമ്പറുകൾ ചേർത്തിട്ടുണ്ടാകും. ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഈ ചിത്രങ്ങളാണ് തട്ടിപ്പുകാർ ഹോട്ടൽ ലിസ്റ്റിംഗുകളുടെ അവലോകന വിഭാഗത്തിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജഗന്നാഥ പുരി, ഉജ്ജയിൻ, വാരണാസി തുടങ്ങിയ മതപരമായ നഗരങ്ങൾ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളെയും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.
എല്ലാ വിഭാഗങ്ങളിലുമുള്ള ഹോട്ടലുകളും ഹോംസ്റ്റേകളും ഇക്കൂട്ടർ ലക്ഷ്യമിടുന്നുണ്ട്. പുതിയ ഗൂഗിൾ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് പിന്നിൽ എത്ര പേരുണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിശോധനയ്ക്കിടെ കണ്ടെത്തിയ 19 വ്യാജ നമ്പരുകളിൽ 71 ശതമാനവും തട്ടിപ്പിന് ഉപയോഗിക്കാനായിരുന്നു.
ഓരോ നമ്പറിൽ നിന്നും ശരാശരി 126 കോളുകൾ വരെ ചെയ്തിട്ടുണ്ട്. ഒരു ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഗൂഗിളിൽ നൽകിയിരിക്കുന്ന നമ്പറും ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നമ്പറും ക്രോസ് ചെക്ക് ചെയ്യേണ്ടതുണ്ട്. ട്രൂകോളർ പ്രൊഫൈലുകളിലെ സ്കാൻ ചെയ്ത നമ്പറുകളിലെ പേരുകളും ഗൂഗിൾ അക്കൗണ്ടുകളിലെ പേരുകളും വ്യത്യസ്തമാണ്. തട്ടിപ്പിനെ കുറിച്ച് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശങ്ങൾ നൽകി കഴിഞ്ഞു.