പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എപ്പോഴും ഉണർന്നിരിക്കേണ്ട സ്കാനിങ് മെഷീൻ പണിമുടക്കിയിട്ട് ഒരു മാസം. ഇക്കാര്യം നാട്ടുകാര്‍ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയില്ല.
അധികൃതരുടെ ഉദാസീനതയിൽ രോഗികൾ ദുരിതത്തിലാണ്. ശബരിമല സീസണിനായി ജില്ല തയാറാകുമ്പോഴാണ് കുത്തഴിഞ്ഞ നടപടികൾ പുറത്തുവരുന്നത്. ഇപ്പോള്‍ സ്കാനിങിനായി രോഗികള്‍ സമീപ സ്വകാര്യ ലാബിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ സ്കാനിങ് സെന്ററിനെ ആശ്രയിക്കുന്നത്. റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നിന്നും അടിയന്തിര ചികില്‍സയ്ക്കായി സ്കാനിങിന് രോഗികളെ പത്തനംതിട്ടയില്‍ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്.
ഇവിടെ യെത്തുമ്പോഴാണ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയുന്നത്. പുറത്ത് ആറായിരം രൂപവരെ ഈടാക്കുന്ന സ്കാനിങ് ജനറല്‍ ആശുപത്രിയില്‍ സൗജന്യമായിട്ടാണ് ലഭിക്കുന്നത്. സ്കാനിങ് മുടങ്ങിയതുമൂലം സാധാരണ രോഗികളും അപകടങ്ങളില്‍പ്പെട്ട് വരുന്നവരുമാണ് ദുരിതത്തിലാകുന്നത്. ശസ്ത്രക്രിയക്ക് തയാറെടുക്കുന്നവർക്ക് സ്കാനിങ് നിർബന്ധമാണ്.
രോഗികളുടെ ജീവൻ അപകടത്തിൽ
തലക്ക് ഗുരുതരമായി പരിക്കേറ്റ് വരുന്നവര്‍ക്ക് വേണ്ട സി.ടി സ്കാന്‍ ഇല്ലാത്തതുമൂലം ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കാന് പോലും കഴിയുന്നില്ല. ഇവരെ നേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്യുന്നത്.
ഇതുമൂലം രോഗിയുടെ ജീവന് പോലും അപകടത്തിലാകുന്ന അവസ്ഥയാണ്. സ്കാനിങിന് പുറമെ എക്സെറെയും എടുക്കാന്‍ സ്വകാര്യ ലാബുകളെ തന്നെയാണ് ആശ്രയിക്കേണ്ടത്.
സ്പൈനല്‍ പോലുള്ള സങ്കീര്‍ണമായ അവയവ ഭാഗങ്ങളുടെ എക്സറെ എടുക്കാനുള്ള സംവിധാന ഇപ്പോഴും ജനറൽ ആശുപത്രിയില്‍ ഇല്ല. ഇവിടെ ഒരു ഡിജിറ്റര്‍ എക്സെറെ യൂനിറ്റുമാത്രമാണ് ഉള്ളത്. അത് പോര്‍ട്ടബിള്‍ വിഭാഗത്തില്‍പ്പെട്ടതിനാല്‍ രോഗികളെ പലപ്പോഴും പുറത്തെ ലാബുകളിലാണ് എത്തിക്കുന്നത്. ശബരില സീസണില്‍ അപകടത്തില്‍ പരിക്കേറ്റ് വരുന്നവര്‍ക്ക് പോലും ഇതുമൂലം ചികിത്സ നല്കാന് കഴിയുന്നില്ല.
സ്വകാര്യ ലാബുകളെ സഹായിക്കാനെന്ന്
ഇതിന് മുമ്പും ഇടയ്ക്ക് സ്കാനിങ് തകരാറിലായിരുന്നു. സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണോ ഇടക്ക് ഇങ്ങനെ തകരാർ സംഭവിക്കുന്നതെന്ന സംശയവും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കുന്ന ഒരു ലോബി ആശുപത്രിയിൽ പ്രവർത്തിക്കുന്നതായാണ് ആരോപണം. ആശുപത്രി പ്രവർത്തനത്തെപ്പറ്റി നിരവധി പരാതികളാണ് നിത്യവും ഉയരുന്നത്. മിക്ക ദിവസവും കുടിവെള്ളം മുടങ്ങുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. മിക്ക മരുന്നുകളും പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. ലിഫ്റ്റ് ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണ്.