ദുബൈ: പഠനത്തില്‍ മികവ് പുലര്‍ത്തിയ 50 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും നല്‍കാന്‍ ഉത്തരവിട്ട് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2021-22 അധ്യയന വര്‍ഷത്തെ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്.
കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശൈഖ് ഹംദാന്റെ ഉത്തരവ്. ശൈഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയ കുട്ടികളില്‍ 25 പേര്‍ പ്രവാസികളായിരുന്നു. 25 പേര്‍ എമിറാത്തികളും. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മികച്ച വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. സ്വദേശി കുട്ടികള്‍ക്ക് രാജ്യത്തിനകത്തോ പുറത്തോ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം. പ്രവാസി കുട്ടികള്‍ക്ക് മികച്ച സര്‍വകലാശാലകളില്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. ഇവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അടുത്തിടെ അനുമതി നല്‍കിയിരുന്നു. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബറിൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.നിക്ഷേപതുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക.
മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. നിലവില്‍ യുഎഇയിലെ താമസ വിസക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശാനുസരണം നിശ്ചിത തുക ഡെപ്പോസിറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് 20000 ദിര്‍ഹം പ്രതിമാസം ലഭിക്കുന്നവര്‍ക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.