കോഴിക്കോട്: കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം. സ്കൂൾ ബസ്സ് ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കണ്ണി പറമ്പിൽ വച്ച് ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂൾ ബസ്സ് ഡ്രൈവർ ബാബുവിനെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിന് കുറവൊന്നുമില്ല. തെരുവുനായ കുറകെ ചാടി സംസ്ഥാനത്ത് ഇന്ന് അഞ്ച് സ്കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അഞ്ചലിലും സമാനമായ അപകടമുണ്ടായി. സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.