തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുരുന്നുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിലേക്ക് പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ മല്ലപ്പള്ളി താലൂക്കിലെ അറുപതോളം സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന നടത്തുകയും ന്യൂനതകള്‍ കണ്ടെത്തിയവ പരിഹരിച്ച് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലയില്‍ ബുധനാഴ്ച ആകെ 202 സ്‌കൂള്‍ വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മേയ് 28ന് മല്ലപ്പള്ളി, പത്തനംതിട്ട ഓഫീസുകളിലും 30ന് കോന്നി സബ് ആര്‍ടി ഓഫീസിലും സൈക്കോളജി, നിയമം, വാഹനത്തെക്കുറിച്ചുള്ള സാങ്കേതിക അവബോധം എന്നിവയെ അടിസ്ഥാനമാക്കി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കും. കഴിഞ്ഞ ബുധനാഴ്ച തിരുവല്ല സബ് ആര്‍ടി ഓഫീസില്‍ നടത്തിയ ബോധവത്ക്കരണ പരിപാടിയില്‍ 260 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രെയിന്‍ഡ് ഡ്രൈവര്‍ എന്ന ഐഡി കാര്‍ഡ് നല്‍കും. വാഹന പരിശോധനാ വേളയില്‍ ഈ കാര്‍ഡ് ധരിച്ചിട്ടില്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഹെവി വാഹനം ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വൈറ്റ് കളര്‍ ഷര്‍ട്ടും കറുപ്പ് പാന്റും യൂണിഫോമായി ധരിക്കേണ്ടതും മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തില്‍ കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കേണ്ടതുമാണ്.സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരും അച്ചടക്കം ഉള്ളവരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്തവരുമാണെന്ന് അതത് സ്‌കൂള്‍ മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി മാതൃകാ ഡ്രൈവറെ തിരഞ്ഞെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉപഹാരം നല്‍കി ആദരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.