കാഞ്ഞാര്‍ : ഇടുക്കിയിൽ കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. സംഭവം ഒതുക്കിതീര്‍ക്കാൻ സ്കൂൾ അധികൃതര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. രണ്ടായിരത്തി ഇരുപതിലായിലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പെണ്‍കുട്ടി സുഹൃത്തിനോട് വെളിപ്പെടുത്തുന്നത്. സുഹൃത്ത് വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.
എന്നാൽ കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. തുടര്‍ന്ന് കാഴ്ചപരിമിതരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കാഞ്ഞാര്‍ പോലീസ് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു. പീഡനശ്രമം, വിവിധ പോക്സോ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമച്ചെന്ന ആരോപണത്തിൽ സ്കൂൾ അധികൃതര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും കാഞ്ഞാര്‍ പോലീസ് അറിയിച്ചു.