തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് സ്‌കൂൾതല പ്രവേശനോത്സവങ്ങൾ ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടക്കും.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എൻ വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണൻ തൃശ്ശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും.
മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ തൃശ്ശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസ് സന്ദർശിച്ചിരുന്നു. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോയും റിലീസ് ചെയ്തു.
സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും.