വർഷങ്ങളോളം ഗവേഷകരെ കൺഫ്യൂഷനടിപ്പിച്ച ഒരു മമ്മിയുടെ രഹസ്യം ഏകദേശം 300 വർഷങ്ങൾക്ക് ശേഷം ചുരുളഴിഞ്ഞിരിക്കുകയാണ്. മത്സ്യകന്യകയുടേത് പോലെയിരിക്കുന്ന ഈ മമ്മി കണ്ടെത്തിയതിന് പിന്നാലെ വർഷങ്ങളോളം അതിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രജ്ഞർ. ഒറ്റനോട്ടത്തിൽ അലറുന്ന ഒരു മനുഷ്യന്റെ മുഖവും താഴോട്ടെത്തുമ്പോൾ മത്സ്യത്തിന്റെ വാലുമാണ് രൂപത്തിന്.
200 വർഷങ്ങൾക്ക് മുമ്പ് ജാപ്പനീസ് ദ്വീപായ ഷിക്കോകുവിന് സമീപം പസഫിക് സമുദ്രത്തിലാണ് 12 ഇഞ്ച് വരുന്ന ഈ വിചിത്രമായ രൂപത്തിലുള്ള മമ്മി കണ്ടെത്തുന്നത്. ഒരു മത്സ്യബന്ധന വലയിൽ കുടുങ്ങുകയായിരുന്നു രൂപം. ഇത് പിന്നീട് പലയിടങ്ങളിലായി കൈമാറി എത്തിയെങ്കിലും ഏകദേശം 40 വർഷമായി ഇത് ജാപ്പനീസ് നഗരമായ അസകുച്ചിയിലെ എൻജുയിൻ ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇതിന്റെ തലയിൽ ഇപ്പോഴും മുടി കാണാം. അതുപോലെ മൂർച്ചയുള്ള പല്ലുകളും ഇതിനുണ്ട്. മുകൾ ഭാഗങ്ങളെല്ലാം മനുഷ്യസദൃശമാണ് എങ്കിലും താഴോട്ടെത്തുമ്പോൾ ഇതിന് മത്സ്യത്തിന്റെ രൂപത്തോടാണ് സാദൃശ്യം. അങ്ങനെയാണ് ഇതിന് വിചിത്രമായ തരത്തിൽ മത്സ്യകന്യകയുടെ രൂപം കൈവന്നത്.
ഇവിടുത്തെ പ്രാദേശികമായിട്ടുള്ള ആളുകൾക്കിടയിൽ മത്സ്യകന്യകയ്ക്ക് വലിയ പ്രാധാന്യമാണ്. അവയെ ആരാധിക്കുന്ന രീതിയും ഉണ്ട്. അതുപോലെ മത്സ്യകന്യകയുടെ മാംസം രുചിച്ചാൽ മരണമില്ല എന്നും ഇവർ വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ മത്സ്യകന്യകയുടെ മമ്മി എന്ന തരത്തിൽ ഇത് വലിയ ശ്രദ്ധ നേടി. എന്നാൽ, വർഷങ്ങളായി ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇത് മനുഷ്യർ നിർമ്മിച്ച ഒരു വസ്തുവാണ് എന്നാണ് പിന്നീട് പഠനത്തിൽ കണ്ടെത്തിയത്. പേപ്പർ, തുണി, കോട്ടൺ, മത്സ്യത്തിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ഇത് നിർമ്മിച്ചെടുക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. കുറാഷാക്കി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ മമ്മി പോലുള്ള വസ്തുവിനെ സിടി സ്കാനിന് വിധേയമാക്കിയത്. അതിൽ, ഈ മമ്മിയിൽ നട്ടെല്ലോ മറ്റ് എല്ലുകളോ ഒന്നും തന്നെ ഇല്ല എന്നാണ് കണ്ടെത്തിയത്.
എന്നാൽ, ഇതിൽ മത്സ്യത്തിന്റെ തോലും മറ്റും ഉപയോഗിച്ചിട്ടുണ്ട്. കവിൾ, തോൾ എന്നിവയെല്ലാം മത്സ്യത്തിന്റെ തോൽ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. അടിഭാഗത്ത് മത്സ്യത്തിന്റെ ചെതുമ്പലാണ് ഉപയോഗിച്ചിരിക്കുന്നത്. അതാണ് ഇതിന് മത്സ്യകന്യകയുടെ രൂപമാണ് എന്ന് തെറ്റിദ്ധരിക്കാൻ കാരണമായി തീർന്നത്.
കാർബൺഡേറ്റിംഗ് പ്രകാരം ഈ മമ്മി നിർമ്മിച്ചിരിക്കുന്നചത് 1800 -കളിൽ എപ്പോഴോ ആണ് എന്നാണ്
കരുതുന്നത്.