കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക് ചെള്ളുപനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും. നേരത്തെ ജില്ലയിൽ ചെള്ളുപനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ട വേദനയുമാണ് ചെള്ളുപനിയുടെ രോഗലക്ഷണം. എലി, അണ്ണാൻ, മുയൽ തുടങ്ങി ഭക്ഷണം കരണ്ട് തിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ വരുന്നത്. ഇത്തരം ജീവികളുമായി ഇടപെടേണ്ടി വരുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരില്ല. ചെള്ളു കടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗലക്ഷണം കാണുന്നത്.