തൃശൂർ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃശൂർ കള്ളായിയിലെത്തിച്ച് തെളിവെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കൊലക്കേസിൽ കേസിൽ നേരിട്ട് പങ്കാളികളായ കെ.വി.വിഷ്ണു, കെ.യു. അഭിമന്യു, കെ.യു.സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആർഎസ്എസ് നേതാവായ സുധീഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണ് കേസിലെ മുഖ്യപ്രതികൾ മൂന്ന് ദിവസം ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഇവിടെയെത്തിച്ചത്.
എസ്‍ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് എസ് ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്താനുള്ള ആസൂത്രണം തുടങ്ങിയത്. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നുവെന്നും രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.