ആലപ്പുഴ : അമ്പലപ്പുഴയുടെ തീരദേശത്ത് ജനങ്ങളുടെ ഉറക്കംകെടുത്തി കടലേറ്റം രൂക്ഷമായി തുടരുന്നു. തോട്ടപ്പള്ളിമുതൽ പുറക്കാട് വാസുദേവപുരംവരെയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ഏറെ ദുരിതപൂർണമായത്. പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞുതാണു. തകർച്ചയിലായ കടൽഭിത്തിക്കു മുകളിലൂടെയാണ് തിരമാലകൾ അടിച്ചുകയറുന്നത്. കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറി. ദിവസങ്ങളായി കാലവർഷത്തിനൊപ്പം കടലേറ്റവും തുടരുന്നത് ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്.
ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്. വാസുദേവപുരം, മാത്തേരി, പുത്തൻനട, പുന്തല, ആനന്ദേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടലേറ്റക്കെടുതികളേറെയാണ്.കടൽഭിത്തിയോടു ചേർന്നുള്ള വീടുകളിൽ രണ്ടും മൂന്നും തവണവരെ പുനർനിർമിച്ച ശൗചാലയങ്ങളാണ് അഞ്ചുദിവസമായി തുടരുന്ന കടലേറ്റത്തിൽ തകർന്നത്.
വീടുകളിൽ കിടന്നുറങ്ങാൻ ആളുകൾ ഭയക്കുകയാണ്. 2021 മേയ് മാസത്തിലെ ചുഴലിക്കാറ്റിൽ പലവീടുകളുടെയും ശൗചാലയങ്ങൾ തകർന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടും അഞ്ചുപൈസപോലും ഇതേവരെ നഷ്ടപരിഹാരമായി സർക്കാർ നൽകിയില്ലെന്നാണ് തീരവാസികളുടെ പരാതി.കാലവർഷത്തിനു മുന്നോടിയായി കടൽഭിത്തി ബലപ്പെടുത്താനുള്ള നടപടികളുണ്ടായില്ല. തോട്ടപ്പള്ളിമുതൽ പുത്തൻനടവരെ പുലിമുട്ടു നിർമിക്കുന്നതിന് പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു.