ഡല്‍ഹി; കന്ദ്രസര്‍ക്കാരിന്റെ സീല്‍ ചെയ്ത കവര്‍ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടമണി മുദ്രവച്ച കവര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരസിച്ചു. ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
‘സീല്‍ ചെയ്ത കവറുകളോട് എനിക്ക് വ്യക്തിപരമായി വിമുഖതയുണ്ട്. എന്താണ് സംഭവിക്കുന്നത്, നമ്മള്‍ എന്തെങ്കിലും കാണുന്നു, അവന്‍ കാണുന്നില്ല. അവനെ കാണിക്കാതെ ഞങ്ങള്‍ കേസ് തീരുമാനിക്കുന്നു. ഇത് ജുഡീഷ്യല്‍ നടപടിക്രമത്തിന് അടിസ്ഥാനപരമായി വിരുദ്ധമാണ്. കോടതിയില്‍ രഹസ്യസ്വഭാവം പാടില്ല. കോടതി സുതാര്യമാകണം. ഇവിടെ കോണ്‍ഫിഡന്‍ഷ്യലായ ഡോക്യുമെന്റ്സ് അല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. കുടിശ്ശിക നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനമാണ് കോടതിയെ പ്രകോപിപ്പിച്ചത്.