മാനന്തവാടി : നാളുകളായി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയ്ക്കായുള്ള തെരച്ചിൽ ഞായറാഴ്ചയും വിഫലം. തോല്പെട്ടി വന്യ ജീവിസങ്കേതത്തിൽ കടുവയുള്ള ഭാഗങ്ങളിൽ തെരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാമറയത്തുള്ള കടുവയെ കണ്ടെത്താനായി കാടാകെ തെരയുകയാണ് വനംവകുപ്പ്. കാട്ടിലുടനീളം നിരീക്ഷണക്യാമറകൾ വെച്ചെങ്കിലും ഒന്നിലും പുതുതായി ചിത്രങ്ങൾ പതിഞ്ഞില്ല. കടുവയെക്കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും വന്യജീവിസങ്കേതത്തിൽ കടുവയുണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണക്കാക്കി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ കാട്ടിക്കുളം ദേവട്ടം, ബാവലി ഭാഗങ്ങളിൽ ഉൾക്കാടുകളിലടക്കം തെരഞ്ഞെങ്കിലും സൂചനകളൊന്നും കിട്ടിയില്ല.
ദിവസങ്ങൾക്കുമുമ്പ് മുട്ടങ്കരയിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഇത് വളർത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളോളം നിർത്താതെ തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ കടുവ കാടുകയറിയെന്ന നിഗമനത്തിൽ തെരച്ചിൽ നിർത്തേണ്ട അവസ്ഥയിലാണ് വനംവകുപ്പ്. കഴിഞ്ഞ 18-ന് ദേവട്ടം വനമേഖലയിൽ കടുവ സഞ്ചരിച്ച വഴിയിൽ കഴുത്തിലെ മുറിവിൽനിന്ന് ഇറ്റിയ ചോര കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഈ വനമേഖലയിൽ എവിടെയെങ്കിലും കടുവയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് തെരയുന്നത്. എന്നാൽ മുമ്പത്തെപ്പോലെ കാട്ടിനുള്ളിൽ കടുവ കിടന്നതിന്റെയോ നടന്നതിന്റെയോ പാടുകളൊന്നും കണ്ടെത്താനായില്ല.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വനത്തിൽ പാതയുണ്ടാക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾവനത്തിലേക്ക് കടന്നത്. മയക്കുവെടിവെക്കാനായുള്ള മൂന്നുസംഘങ്ങൾ ഉൾപ്പെടെയാണ് തെരച്ചിൽ. 18-ന് നടത്തിയ തിരച്ചിലിൽ ബേഗൂർ വനമേഖലയിലെ കാട്ടിക്കുളം ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കണ്ടെത്താനായില്ല. മയക്കുവെടി സംഘങ്ങൾ, കുങ്കിയാനകൾ തുടങ്ങി എല്ലാ സന്നാഹങ്ങളുമായാണ് തെരച്ചിൽ.