കണ്ണൂർ : സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിക്കായി കണ്ണൂർ തളാപ്പിൽ തിരച്ചിൽ ഊർജിതം. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്.