മുംബൈ: ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് നിരോധനാജ്ഞ. റാലികൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 17 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിക്ക് ഉൾപ്പടെ ഏഴ് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ മൂന്ന് പേർക്കും പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നാല് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
മുംബൈയിലെ മൂന്ന് രോഗികളും 48, 25, 37 വയസ് പ്രായമുള്ള പുരുഷൻമാരാണ്. ടാൻസാനിയ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണിവർ. പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ രോഗം ബാധിച്ചവർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച നൈജീരിയൻ സ്ത്രീയുടെ സമ്പർക്കപട്ടികയിൽ വരുന്നവരാണ്.
ഏഴ് രോഗികളിൽ നാല് പേർ രണ്ട് ഡോസ് വാക്സിനും ഒരാൾ ഒറ്റ ഡോസ് വാക്സിനും സ്വീകരിച്ചു. ഒരാൾ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇതിൽ നാല് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാൽ മറ്റ് മൂന്ന് േപർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്.