തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിന്റെ രണ്ടാം വാർഷികാഘോഷങ്ങളിലേക്ക് കടന്ന് സർക്കാർ. കേരളത്തിന്റെ സർവ്വതലസ്പർശിയായ വികസനത്തിന് മുൻ സർക്കാർ സ്വീകരിച്ച നടപടികൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ തുടർഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ജനവികാരത്തെ മാനിച്ചുകൊണ്ട് വികസനത്തുടർച്ചയ്ക്കാവശ്യമായ നൂതനപദ്ധതികളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ചിത്രീകരിക്കുന്ന പ്രദർശന – വിപണന മേളകളോടെയാണ് ഇത്തവണ വാർഷികാഘോഷം കടന്നുവരുന്നത്.
‘എന്റെ കേരളം-2023’ എന്ന പേരിലുള്ള മേളകൾ വിവിധ വകുപ്പുകളുടെ പദ്ധതികളും നേട്ടങ്ങളും സേവനങ്ങളും പുതിയ വികസന സാധ്യതകളും തുറന്നുകാട്ടുന്ന ഒന്നാണ്. ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്ന വിവിധ കലാ-വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘എന്റെ കേരളം- 2023’ ന്റെ ഔപചാരിക ഉദ്‌ഘാടനം ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. 63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും.
ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാര്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിക്കും.
യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ – എംപ്ലോയ്‌മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്.
പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും. ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡ് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍ ഗാനമേള, താമരശ്ശേരി ചുരം ബാന്‍ഡ്, അലോഷിയുടെ ഗസല്‍ രാത്രി, ആട്ടം ചെമ്മീന്‍ ബാന്‍ഡ് എന്നിവ അരങ്ങേറും. ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴിന് നടക്കുന്ന ഗിന്നസ് പക്രു സൂപ്പര്‍ മെഗാഷോയോടെയായിരിക്കും മേള സമാപിക്കുക.