വാഷിങ്ടൻ : അമേരിക്കയിൽ 50 കഴിഞ്ഞവർക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക സംരക്ഷണത്തിനായി ഒരു ബൂസ്റ്റർ ഡോസ് വാക്സീൻ കൂടി നൽകാൻ ഫെഡറൽ ഡ്രഗ് ഏജൻസി (എഫ്ഡിഎ) അനുമതി നൽകി. ഫൈസർ, മോഡേണ വാക്സീനുകളാണ് നാലാം ഡോസായി നൽകുക. ഇതുവരെ 12 വയസ്സിനു മുകളിലുള്ള പ്രതിരോധശേഷി തീർത്തും ദുർബലമായവർക്കു മാത്രമാണ് നാലാം ഡോസ് വാക്സീൻ നൽകിയിരുന്നത്. യുഎസിൽ കോവിഡ്–19 കേസുകൾ കുറഞ്ഞുവരികയാണെങ്കിലും സംക്രമണ സാധ്യത ഏറിയ ഒമിക്രോണിന്റെ പുതിയ വകഭേദം യൂറോപ്പിലും മറ്റും പടരുന്നതിലുള്ള ആശങ്കയാണ് നാലാം ഡോസ് തീരുമാനത്തിലേക്കു നയിച്ചതെന്നാണു സൂചന.