കൊച്ചി : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം. മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികള്‍ക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്.
ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് അഞ്ച് പ്രതികളും വെവ്വേറെ മുറികളിലിരുന്ന് പറഞ്ഞ മൊഴിയിലെ പൊരുത്തവും പൊരുത്തക്കേടുകളും മുന്‍നിര്‍ത്തിയാവും ഇന്നത്തെ ചോദ്യം ചെയ്യല്‍.