കൊച്ചി : സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്‍റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഇ ഡി തുടര്‍ നടപടികളെടുക്കുക. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഇ ഡി മൊഴി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയത്. മാെഴി വിശദമായി പരിശോധിച്ചായിരിക്കും എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കേന്ദ്ര ഡയറക്ട്രേറ്റിന്‍റെ നിര്‍ദ്ദശപ്രകാരം വരും ദിവസം തന്നെ സ്വപ്ന സുരേഷിന്‍റെ മൊഴി ഇ ഡി എടുത്തേക്കും. അതിന് ശേഷമാവും മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാര്യത്തില്‍ നടപടികളുണ്ടാവുക. നേരത്തെ കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും തുടരന്വേഷണവും നടക്കുക. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും ഭാര്യയും മക്കളുമൊക്കെയായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇന്നലെ സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അത് മറന്നിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ വഴി അത് ഓര്‍മിപ്പിക്കാമെന്നും സ്വപ്ന സരേഷ് ഇന്നലെ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി കേസില്‍ പ്രതിയാക്കുന്നതാണ് ശക്തമായ ആരോപണങ്ങളുമായി മുന്നോട്ട് വരാൻ സ്വപ്ന സുരേഷിനെ പ്രേരിച്ചത്.
കേസും അന്വേഷണവുമായി സര്‍ക്കാര്‍ ഒരുഭാഗത്ത് മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ശക്തമായി രംഗത്ത് വരാൻ തന്നെയാണ് സ്വപ്നയുടെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുയരുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.