മലപ്പുറം : പെരിന്തല്‍മണ്ണയിലെ വിഭാഗീയത തിരുത്താനാവാതെ പോയതാണ് ജയിക്കുമെന്ന് ഉറപ്പായ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു കാരണമായതെന്ന് സിപിഎം സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പെരിന്തല്‍മണ്ണയിലെ സിപിഎമ്മിന്‍റെ ജനകീയ മുഖമായ വി.ശശികുമാര്‍ അടക്കമുളളവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. സിപിഎമ്മിന്‍റെ കണക്കില്‍ ജയിച്ചുവെന്ന് ഉറപ്പാക്കിയ പെരിന്തല്‍മണ്ണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ.പി.എം. മുസ്തഫ അവസാന നിമിഷം 38 വോട്ടിനാണ് പരാജയപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സിപിഎമ്മിനുളളിലെ സംഘടന ദൗര്‍ബല്യം മാത്രമാണ് പരാജയത്തിനു കാരണമായതെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാര്‍, സി. ദിവാകരന്‍, നഗരസഭ ചെയര്‍മാനായിരുന്ന എം. മുഹമ്മദ് സലീം അടക്കമുളള പ്രമുഖ നേതാക്കളെ തരം താഴ്ത്തിയത്.
ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ വീഴ്ച ബോധ്യമായതിനു ശേഷമാണ് നടപടി എടുത്തുതെന്നും ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിന്തല്‍മണ്ണ മണ്ഡലത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് കെ.പി.എം. മുസ്തഫയ്ക്ക് സീറ്റു നല്‍കിയത്. എന്നാല്‍ മുസ്തഫയെ ഉള്‍ക്കൊളളാന്‍ സിപിഎം നേതാക്കളില്‍ പലരും തയാറായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുമായി തട്ടിക്കുമ്പോൾ പാര്‍ട്ടി സ്വാധീന മേഖലകളിലാണ് കെ.പി.എം. മുസ്തഫ പിന്നിൽ പോയത്. മലപ്പുറത്തെ മുസ്‌ലിം സ്വാധീനമേഖലകളില്‍ പാര്‍ട്ടിക്ക് സ്വാധീനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ചിലയിടങ്ങളില്‍ പ്രാദേശിക ഘടകങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന ന്യൂനതയും എടുത്തു പറയുന്നുണ്ട്.