ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ അദ്ദേഹത്തിനു സുരക്ഷയൊരുക്കിയിരുന്ന മൂന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കമാൻഡോകളെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനെയും (ഡിഐജി) കമാൻഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റി. ഈ വർഷം ഫെബ്രുവരിയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ പേരിലാണ് നടപടി.
2022 ഫെബ്രുവരിയിൽ അജിത് ഡോവലിന്റെ ഡൽഹിയിലെ വസതിയിൽ ബെംഗളൂരു സ്വദേശിയായ ശന്തനു റെഡ്ഡി പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. കാറിലെത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയും പിന്നീട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഡോവൽ വസതിയിൽ ഉണ്ടായിരുന്നു. പിരിച്ചുവിട്ട മൂന്നു കമാൻഡോകളും അന്നു വസതിയിലുണ്ടായിരുന്നു. സിഐഎസ്എഫ് കമാൻഡോകളുടെ ‘സെഡ് പ്ലസ്’ സുരക്ഷയുള്ളയാളാണ് ഡോവൽ.