ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 2 പേർ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്ന് രാവിലെ സിവിൽ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷ് കുമാറിനെതിരെ ബൈക്കുകൾ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകൾ നിതീഷ് കുമാറിന് അടുത്തെത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ നിതീഷ് കുമാർ ഫുട്പാത്തിലേക്ക് കയറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.
നിരവധി തവണ മുഖ്യമന്ത്രിയുടെ സുരക്ഷയിൽ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയിൽ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.