ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽപ്പെട്ട മൂന്നു പേരെ വധിച്ചത്. കശ്മീർ ഐജി വിജയ് കുമാർ ശനിയാഴ്ചയാണ് ഭീകരരെ വധിച്ച വിവരം വെളിപ്പെടുത്തിയത്. ജെയ്ഷെ കമാൻഡർ സമീർ ദർ ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുൽവാമ ഭീകരാക്രമത്തിൽ ചാവേറായി മാറിയ ആദിൽ അഹമ്മദ് ദറിനെ ഭീകരസംഘടനയിൽ ചേർത്ത് പരിശീലനം നൽകിയത് സമീർ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസിലേക്ക് ആദിൽ അഹമ്മദ് ദർ ഇടിച്ചുകയറ്റുകയായിരുന്നു.
വ്യാഴാഴ്ചയാണ് മൂന്ന് ഭീകരരെയും വധിച്ചത്. ഇതിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണ്. നാട്ടുകാരായ യുവാക്കളെ ഭീകര സംഘടനയിൽ ചേർക്കുന്നതിന് നിയോഗിക്കപ്പെട്ട ആളായിരുന്നു സമീർ എന്ന് ലഫ്റ്റനന്റ് ജനറൽ ഡി.പി.പാണ്ഡെ പറഞ്ഞു. സുരക്ഷാസേനയ്ക്കെതിരെ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയിരുന്നതും സമീർ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.