ജയ്പൂർ: സീനിയർ ഐപിഎസ് ഓഫീസർ അരുൺ ബൊത്രയുടെ ട്വിറ്റർ പോസ്റ്റ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒഡീഷയിലെ ട്രാൻസ്പോർട്ട് കമ്മീഷണറാണ് ബൊത്ര. ജയ്പൂർ എയർപോർട്ടിൽ നിന്ന് എടുത്ത ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ നൽകിയിരിക്കുന്നത്. എയർപോർട്ടിൽ വച്ച് ബൊത്രയെ സുരക്ഷാ ജീവനക്കാർ തടയുകയും അദ്ദേഹത്തോട് ഹാന്റ് ബാഗ് തുറന്ന് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്കാനിംഗ് പരിശോധനയിൽ സംശയാസ്പദമായ ചിലത് കണ്ടതിനെ തുടർന്നായിരുന്നു ഈ പരിശോധന.
എന്നാൽ ബൊത്ര ബാഗ് തുറന്നതും സുരക്ഷാ ജീവനക്കാർ ഞെട്ടി. ബാഗ് നിറയെ പച്ച പട്ടാണി. കിലോക്ക് 40 രൂപയാണെന്ന് അറിഞ്ഞതോടെ ഒരു ബാഗ് നിറയെ പട്ടാണി വാങ്ങിയതായിരുന്നു ബൊത്ര. സംഭവം ബാഗിലെ പട്ടാണിയുടെ ചിത്രം സഹിതം ബൊത്ര തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. മട്ടർ സ്മഗ്ലിംഗ് (പട്ടാണി കള്ളക്കടത്ത്) എന്നാണ് ഐഎഫ്എസ് ഓഫീസർ പർവ്വീൻ കശ്വാൻ പ്രതികരിച്ചത്. നിരവധി പേരാണ് ട്വീറ്റ് ഏറ്റെടുത്ത് രസകരമായ കമന്റ് നൽകിയിരിക്കുന്നത്.