തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ലിഫ്റ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ മണിക്കൂറുകളോളം കുടുങ്ങി. 12 മണിക്കൂറിലധികം ലിഫ്റ്റില്‍ അകപ്പെട്ട വയോധികനെ ഓഡിറ്റോറിയം ജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ ഓക്കെ ഹാളിലായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കാരൂര്‍ മഠം സ്വദേശി ഭരതനെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി മാറ്റി വെച്ചിരുന്നു. ലിഫ്റ്റില്‍ അകപ്പെട്ട സമയത്ത് ഇദ്ദേഹത്തിന്റെ കൈയ്യില്‍ ഫോണുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയതുമില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഓഡിറ്റോറിയത്തില്‍ അന്വേഷിച്ചെത്തി. അപ്പോഴാണ് ഭരതന്‍ ലിഫ്റ്റില്‍ കുടുങ്ങിയതായി വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ഓഡിറ്റോറിയത്തിലെ മറ്റു ജീവനക്കാരെ വിവരമറിയിച്ചു. ഇവരെത്തി ലിഫ്റ്റ് തുറന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതന് കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കി.