പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അതുപോലെ പഴങ്ങളും മറ്റും കഴിക്കുമ്പോൾ കുരു കളയാതെ ശ്രദ്ധിക്കൂ. കുട്ടിയായിരിക്കുമ്പോൾ ഏതെങ്കിലും പഴത്തിന്റെ കുരു കഴിച്ചാൽ വയറ്റിൽ ആ മരം കിളിർക്കും എന്ന് മുതിർന്നവർ ഭയപ്പെടുത്താറില്ലേ. എന്നാൽ ചില പഴങ്ങളുടെ കുരു അഥവാ വിത്ത് കളയാതെ കഴിക്കണമെന്നും അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും അറിയാമോ? ഭക്ഷ്യയോഗ്യമല്ലെന്നു കരുതി നമ്മൾ കളയാറുള്ള എന്നാൽ ഏറെ ആരോഗ്യകരമായ ചില വിത്തുകൾ ഏതൊക്കെ എന്നറിയാം.
1. മത്തൻ കുരു : മത്തങ്ങയുടെ കുരു ഇനി മുതൽ കളയാതിരിക്കാം. മത്തങ്ങാക്കുരു വറുത്തത് ഒന്നാന്തരമൊരു ലഘുഭക്ഷണമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിനുകൾ ഇവ അടങ്ങിയ മത്തൻകുരു രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.
2. തണ്ണിമത്തൻ കുരു : പലപ്പോഴും തണ്ണിമത്തൻ കഴിക്കുമ്പോഴുള്ള പ്രധാന ബദ്ധപ്പാട് ആണ് അതിന്റെ കുരു മാറ്റുക എന്നത്. എന്നാൽ ഇനി മുതൽ അതിന് മെനക്കെടേണ്ട. ധൈര്യമായി തണ്ണിമത്തനോടൊപ്പം കുരുവും കഴിക്കാം. പ്രോട്ടീൻ ധാരാളം അടങ്ങിയ തണ്ണിമത്തൻ കുരുവിൽ ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
3. പുളിങ്കുരു: പണ്ടു കാലത്ത് പുളിങ്കുരു വറുത്ത് പൊടിച്ച് കഴിക്കുന്നവർ ഉണ്ടായിരുന്നെങ്കിലും ഇന്നാരും പുളിങ്കുരു ഭക്ഷ്യയോഗ്യമായി കരുതാറില്ല. പുളിങ്കുരു ഹൃദയാരോഗ്യമേകുന്നതോടൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അണുബാധകളെ അകറ്റാനും പുളിങ്കുരു സഹായിക്കും.
4. കപ്പളങ്ങാക്കുരു : എല്ലായ്പ്പോഴും കപ്പളങ്ങയുെട കുരു വലിച്ചെറിയുന്നവരാണ് നമ്മൾ. നിരവധി രോഗങ്ങളെ തടയാനുള്ള കഴിവുള്ള പപ്പായക്കുരു ഓക്സീകരണ സമ്മർദം അകറ്റാനും സഹായിക്കും. ഫ്ലവനോയ്ഡുകളും പോളിഫിനോളുകളാലും സമ്പന്നമായ പപ്പായക്കുരു പോഷകസമ്പുഷ്ടമാണ്.
5. ചണവിത്ത് : പോഷകങ്ങൾ ഏറെ അടങ്ങിയ ഒന്നാണിത്. സസ്യപ്രോട്ടീനുകളുടെ കലവറയായ ചണവിത്ത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ചർമ ആരോഗ്യത്തിനും ഏറെ നല്ലതാണ്.