പാലക്കാട് : പാലക്കാട്ടെ തിളക്കമാര്‍ന്ന വിജയത്തില്‍ ഏറ്റവും സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ചതിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി. ജനവിധിയെ വിനയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫ് പരസ്യം സിപിഐഎമ്മുകാരെ പോലും ശത്രുക്കളാക്കി. സന്ദീപ് വാര്യര്‍ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചു. ഒരാള്‍ വന്നതിന്റെ ഗുണമുണ്ടായി. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരം വോട്ടായില്ല. ജനങ്ങള്‍ ഒരു താക്കീത് കൂടി തന്നതാണ് ചേലക്കരയില്‍. ചേലക്കരയിലെ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നു. പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വര്‍ക്ക് ചേലക്കരയില്‍ ആയിരുന്നു. വയനാട്ടില്‍ അഞ്ച് ലക്ഷം എന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ വന്നതുകൊണ്ട് വോട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പരസ്യവും ട്രോളി ബാഗ് വിവാദവും ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് രണ്ടാമത് എത്തിയേനെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റമാണ്. മുന്‍ വര്‍ഷങ്ങളില്‍ പാലക്കാട് നഗരസഭാ മേഖലകളില്‍ ബിജെപി നേടിയ മേല്‍ക്കൈ തകര്‍ത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ പാലക്കാട് നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകള്‍ എല്ലാം എണ്ണിത്തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍.