ദില്ലി: രാഹുൽ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും കോൺഗ്രസിനെ ഭാരതത്തോടും ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ”രാഹുൽ ഗാന്ധിയെ അമാനുഷികനെന്ന് പറയാം. കാരണം അതിശൈത്യത്തിൽ നാം തണുത്തു വിറച്ച് ജാക്കറ്റ് ധരിച്ചുകൊണ്ടാണ് നടക്കുന്നത്. എന്നാൽ അദ്ദേഹം ടീഷർട്ടുകൾ മാത്രം ധരിച്ച് (ഭാരത് ജോഡോ യാത്രക്കായി) പുറത്തിറങ്ങുന്നു. ഏകാഗ്രതയോടെ തപസ്സ് ചെയ്യുന്ന ഒരു യോഗിയെപ്പോലെയാണ് അദ്ദേഹം.” മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സൽമാൻ ഖുർഷിദ് പറഞ്ഞു.
കോൺഗ്രസിനോട് മാത്രമായി പ്രത്യേക കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ല. സാർവ്വത്രികമായ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമ്പോൾ പാർട്ടി അത് പാലിക്കുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. ”രാജ്യത്താകെ ബാധകമായ ശാസ്ത്രീയമായ പ്രോട്ടോക്കോൾ പുറത്തിറക്കിയാൽ അത് പാർട്ടിക്കും ബാധകമായിരിക്കും.” ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തയച്ച നടപടിയെക്കുറിച്ച് ഖുർഷിദ് പ്രതികരിച്ചു.
അതേ സമയം, ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബി ജെ പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ വാജ്പേയി സ്മാരകത്തിലെത്തിയത്. വാജ്പേയി സമാധി സ്ഥലത്ത് പ്രണാമം അർപ്പിച്ച രാഹുൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.
കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരക സ്‌മാരകമായ ‘സദൈവ് അടലിൽ’ രാഹുൽ എത്തി വണങ്ങിയെന്നും ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ എല്ലാ സമ്പന്നമായ പാരമ്പര്യവും ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിന് പിന്നാലെ ബി ജെ പി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമറക്ക് മുൻപിലെ രാഹുൽ ഗാന്ധിയുടെ നാടകമാണ് വാജ്പേയി സമാധി സ്ഥലത്തെ സന്ദർശനമെന്നാണ് ബി ജെ പി പ്രതികരിച്ചത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുൽ എന്തുകൊണ്ടാണ് നരസിംഹറാവുവിന്‍റെ സമാധി സ്ഥലം സന്ദർശിക്കാത്തതെന്നും ബി ജെ പി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.