തിരുവനന്തപുരം: പുതുവര്‍ഷം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഞെട്ടിക്കുന്ന തോല്‍വിയോടെയാണ് തുടങ്ങിയത്. ലെന്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജി തോറ്റത്. ലിയോണല്‍ മെസിയും നെയ്മറുമില്ലാതെയാണ് പിഎസ്ജി ഇറങ്ങിയിരുന്നത്. കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചതുമില്ല. ലെന്‍സിനായി ഫ്രാന്‍ങ്കോസ്‌കി, ഓപ്പണ്‍ഡ, മൗറിസ് എന്നിവരാണ് ഗോള്‍ നേടിയത്. ഇരുവരുമില്ലാതെ കളിച്ചപ്പോള്‍ എംബാപ്പെയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന വിര്‍മശനവും ഉയര്‍ന്നു.
മത്സരത്തെ കുറിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്‌ബോള്‍ നിരീക്ഷനുമായ പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എംബാപ്പെയ്‌ക്കെതിരെയാണ് പന്ന്യന്റെ വിമര്‍ശനം. മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍ നേട്ടങ്ങളില്‍ പലതുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റേ ഫേസ്ബുക്ക് പേജിലാണ് പന്ന്യന്‍ അത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.
അദ്ദേഹം പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഇന്നലെ ഫ്രഞ്ച് ലീഗില്‍ ചാംപ്യന്മാരായ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകര്‍ന്നു പോയത്. ഈ സീസണില്‍ തോല്‍വി അറിയാതിരുന്ന പി എസ് ജിയെ ലെന്‍സ് ആണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങളായ മെസിയും നെയ്മറും കളിച്ചില്ല. എംബാപ്പെക്ക് സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞുമില്ല. ഇപ്പോള്‍ ഒരുകാര്യം എംബാപ്പെക്ക് വ്യക്തമായികാണും. മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍ നേട്ടങ്ങളില്‍ പലതും. ഫുട്‌ബോള്‍ ഒരു ടോട്ടല്‍ ഗെയിം ആണ്. വ്യക്തി മികവുകള്‍ കൂടിചേരുംബോളാണ് ടീമിന്റെ വിജയം എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോള്‍ നേടാനുള്ള കഴിവും ഉണ്ട്. പക്ഷെ, അത് പ്രയോജനപ്പെടണമെങ്കില്‍ സഹതാരങളുടെ സഹായം കൂടിവേണം.” അദ്ദേഹം കുറിച്ചിട്ടു. പോസ്റ്റ് കാണാം…