സെന്തില്‍ ബാലാജി കേസ് സുപ്രിംകോടതി ജൂലൈ നാലിന് പരിഗണിക്കും. ആശുപത്രിയില്‍ ഉള്ളയാളെ എങ്ങനെ കസ്റ്റഡിയില്‍ വിടാന്‍ സാധിയ്ക്കുമെന്ന് കോടതി ഇഡിയോട് ചോദിച്ചു. ആശുപത്രിയില്‍ ചോദ്യം ചെയ്യുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിയ്‌ക്കേണ്ടതുണ്ട്. ചികിത്സയ്ക്കു ശേഷവും ചോദ്യം ചെയ്യാമല്ലോ എന്ന് സുപ്രിംകോടതി ചോദിച്ചു. സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതിയ്ക്ക് കേസ് പരിഗണിയ്ക്കാം. സുപ്രിംകോടതിയില്‍ ഹര്‍ജിയുണ്ടെങ്കിലും മദ്രാസ് ഹൈക്കോടതി കേസ് പരിഗണിയ്ക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതാണ് ജൂലൈ നാലിലേക്ക് മാറ്റിയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. ആറ് മണിക്കൂര്‍ എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാല് ബൈപ്പാസ് ഗ്രാഫ്റ്റുകള്‍ സ്ഥാപിച്ചു. ആരോഗ്യ നില തൃപ്തികരമെന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുളറ്റിന്‍ അറിയിച്ചു.
സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി ചെന്നൈ മേഖലയിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.