ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. നരേന്ദ്രമോദിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ഒരു സന്ദേശമുണ്ടെന്ന് ലാവ്‌റോവ് സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ ഇവരുടെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ-ഇന്ത്യ കൂടിക്കാഴ്ച നിരാശാജനകമെന്നാണ് അമേരിക്ക പ്രതികരിച്ചത്.
യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ഉള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടായേക്കും. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്‌റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മന്‍ വിദേശസുരക്ഷാ നയ ഉപദേഷ്ടാവ് യെന്‍സ് പ്ലോട്‌നറും ഡല്‍ഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.