ബാരാബങ്കി: ഏതാനും ദിവസത്തെ ഇടവേളയില്‍ പ്രായമേറിയ വനിതകളെ ആക്രമിച്ച് കൊന്ന സീരിയല്‍ കില്ലറിനായി ഉത്തര്‍പ്രദേശില്‍ തെരച്ചില്‍ വ്യാപകം. ഒളിവില്‍ പോയെന്ന് കരുതപ്പെടുന്ന കൊലപാതകിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറ് സംഘങ്ങളായി തിരഞ്ഞാണ് അന്വേഷിക്കുന്നത്. ഏതാനും ദിവസത്തെ ഇടവേളയില്‍ 50 നും 60നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളാണ് അതിദാരുണമായി കൊല്ലപ്പെട്ടിട്ടുള്ളത്. കൊല്ലപ്പെട്ട മൂന്ന് പേരും ഒരേ രീതിയില്‍ തന്നെ ആക്രമിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കൊലപാതകി ഒരു സീരിയല്‍ കില്ലറാണെന്ന സംശയം പൊലീസിനുണ്ടായത്.
മുഖത്തും തലയ്ക്കും ആക്രമിച്ചാണ് കൊലപാതകം നടത്തുന്നത്. തിരികെ ആക്രമണം നടത്താന്‍ സാധ്യതയില്ലാത്ത ആളുകളെ തെരഞ്ഞുപിടിച്ചാണ് കൊല ചെയ്യുന്നത്, കൊലപാതകത്തിന് ശേഷം നൂല്‍ ബന്ധമില്ലാതെയാണ് മൃതദേഹം ഉപേക്ഷിക്കുന്നത് എന്നിവയാണ് ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പൊതുസ്വഭാവം. ഡിസംബര്‍ ആറിനാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ഈ മൃതദേഹം കണ്ടത്. ഏതാനും ദിവസത്തെ ഇടവേളയില്‍ ഡിസംബര്‍ 17ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി.
ഡിസംബര്‍ 30നാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. താത്തര്‍ഹ ഗ്രാമത്തില്‍ പ്രഭാതകൃത്യം നിര്‍വ്വഹിക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങിയ സ്ത്രീയെ കാണാതാവുകയും തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. റാം സനേഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് കൊലപാതകങ്ങളും നടന്നിട്ടുള്ളത്. സീരിയല്‍ കില്ലറുടേതെന്ന് സംശയിക്കപ്പെടുന്ന യുവാവിന്‍റെ ചിത്രം പൊലീസ് ഇതിനോടകം പുറത്ത് വിട്ടിരുന്നു.