മലപ്പുറം: താമിർ ജിഫ്രിയെന്ന യുവാവിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദത്തിലായ മലപ്പുറം താനൂർ പൊലീസിനും എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും എതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. വിവരാവകാശപ്രകാരം ചോദ്യം ഉന്നയിച്ചതിനുള്ള പ്രതികാരമായി കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചെന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. 2016 നവംബർ 23 ന് രാത്രിയാണ് സിപിഐ പ്രവർത്തകനായ ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലോക്കപ്പിന്റെ തൊട്ടുപിറകിൽ ഒരു റൂമുണ്ട്. അവിടെ വെച്ചാണ് മുളകരച്ച് രണ്ടുപേരുടെയും കണ്ണിൽ തേച്ചത്. പിന്നെ ഒന്നുംകാണാൻ പറ്റിയില്ല. ഇതിനിടെ പൊരിഞ്ഞ അടി അടിച്ചു’-ഷിഹാബുദ്ദീൻ പറഞ്ഞു. പരാതിയിൽ പുനരന്വേഷണത്തിന് മലപ്പുറം എസ്.പിക്ക് ഹൈകോടതി നിർദേശം നൽകിയെങ്കിലും അന്വേഷണം പൂർത്തികരിച്ചിട്ടില്ല.
പൊലീസ് കസ്റ്റഡിയിലുള്ള സമയത്താണ് ഷിഹാബ് ദേവദാർ സ്കൂളിന് സമീപത്ത് കഞ്ചാവ് വിൽപന നടത്തിയെന്ന് കാണിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. നേരത്തെ പൊലീസിനെതിരെ വിവരവകാശം നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീൻ പറയുന്നു.ഷിഹാബിന്റെ കൈവശം ഉണ്ടായിരുന്ന 56,000 രൂപ തട്ടിയെടുക്കാൻ ശ്രമം നടത്തി. ഷിഹാബിന്റെയും സുഹ ത്തിന്റെയും കൈയിൽ നിന്നും 1650 രൂപയാണ് ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ രേഖപെടുത്തി. സിപിഐ ജില്ലാ നേതാക്കൾ ഇടപെട്ടതോടെ 50000 രൂപ തിരികെ നൽകി.താമിർ ജിഫ്രിയെ കൊലപെടുത്തിയ കേസിലെ പ്രതിയായ ഡാൻസാഫ് ഉദ്യോഗസ്ഥൻ ആൽബിനും ഷിഹാബിനെ മർദിച്ചിട്ടുണ്ട്. ഡാൻസാഫ് ഉദ്യോഗസ്ഥർ ഷിഹാബിന്റെ ബന്ധുവീടുകളിൽ കയറി പല തവണ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മലപ്പുറം എസ്.പിക്ക് ഹൈകോടതി നിർദേശം നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മലപ്പുറം എസ്.പി സുജിത്ത് ദാസ് പരിശീലനത്തിന് പോയതിനാൽ നിലവിൽ അന്വേഷണം നടക്കുന്നില്ല.
–
അതേസമയം, താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ ഡാൻസാഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മഞ്ചേരി ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുക. ഒന്നാം പ്രതി ജിനേഷ് , രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ , മൂന്നാം പ്രതി അഭിമന്യൂ , നാലാം പ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. മുഴുവൻ പ്രതികളും ഒളിവിലാണ്. ആൽബിൻ അഗസ്റ്റിൻ , വിപിൻ എന്നിവർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.