കൊച്ചി : കളമശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടത്തിയ സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ടൂൾ ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി മാര്‍ട്ടിന്‍ ഉച്ചയോടെ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.