തൃശ്ശൂര്‍: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ കരാര്‍ കമ്പനി ഒന്നാം ദിനം നടത്തിയ കുഴിയടയ്ക്കല്‍ അശാസ്ത്രീയമെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. റോഡ് റോളർ പോലും ഉപയോഗിക്കാത്ത നടത്തിയ കുഴിയടയ്ക്കൽ പ്രഹസനമാണെന്ന പരാതി ഉയര്‍ന്നതോടെയാണ് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കണ്ടെത്തലുകള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇടപ്പള്ളി – മണ്ണൂത്തി ദേശീയ പാതയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ കുഴിയും അടയ്ക്കണമെന്നായിരുന്നു ദേശീയ പാത അധികൃതര്‍ കരാര്‍ കമ്പനിക്ക് നൽകിയ നിര്‍ദ്ദേശം. ഇന്നലെ രാത്രിമുതല്‍ കുഴിയടയ്ക്ക്ൽ പണികൾ ആരംഭിച്ചു. കോള്‍ഡ് മിക്സ് ടാറിങ്. 20 കിലോ ബാഗുകളില്‍ ടാറെത്തിച്ച് കുഴികളില്‍ തട്ടി.
റോഡ് റോളറിന് പകരം നിരത്താനുപയോഗിച്ചത് ഇടിക്കട്ടി. അശാസ്ത്രീയ കുഴിയടയ്ക്കലെന്ന ആരോപണമുയര്‍ന്നതോടെയാണ് എറണാകുളം, തൃശൂര്‍ കളക്ടര്‍മാരോട് നിരത്തിലിറങ്ങി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ അറ്റുകുറ്റപ്പണിയിലെ അശാസ്ത്രീയത കളക്ടര്‍മാര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
കരാര്‍ കമ്പനിയായ ഗുരൂവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെതിരായ പരാതികള്‍ നേരത്തെ തന്നെ ദേശീയ പാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങളോ മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥരോ ഇല്ലാതെ കുഴിയടയ്ക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അറ്റകുറ്റപ്പണിക്ക് റീടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ദേശീയ പാതാ അധികൃതരും വ്യക്തമാക്കി