തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വിഭാഗം ഇപ്പോൾ നടത്തിവരുന്ന പരിശോധനകളിൽനിന്ന് ഇതുവരെ ശേഖരിച്ച സാമ്പിളുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. അതേസമയം, മിക്ക സാമ്പിളുകളും പഴകിയതാണെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്.
പ്രത്യേകിച്ചും മത്സ്യം. മീനിൽ രാസവസ്തുസാന്നിധ്യം ഇതുവരെ ലഭിച്ച സാമ്പിളുകളിൽ കണ്ടെത്തിയില്ല. എന്നാൽ, ഭക്ഷ്യയോഗ്യമല്ലാത്തതും കേടായതുമായ മത്സ്യമാണ് മിക്കതും. കേരളത്തിലെ മൂന്ന് അനലറ്റിക്കൽ ലാബുകളിലാണ് പരിശോധനകൾ നടന്നുവരുന്നത്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്.
മൈക്രോബയോളജി, കെമിക്കൽ, ആന്റിബയോട്ടിക് പരിശോധനകളാണ് ശേഖരിച്ച സാമ്പിളുകളിൽ നടത്തുന്നതെന്ന് തിരുവനന്തപുരം അനലറ്റിക്കൽ ലാബിലെ ചീഫ് അനലിസ്റ്റ് മഞ്ജുദേവി പറഞ്ഞു. ആന്റിബയോട്ടിക് പരിശോധനകൾ പാലിലാണ് പ്രധാനമായും നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച പഴങ്ങൾ, ജ്യൂസ്, തേൻ മുതലായവയുടെ പരിശോധന നടന്നുവരുന്നു. ഫലം പുറത്തുവന്നിട്ടില്ല.